Monday, 9 June 2008

പൊന്നി

കൊച്ചി നഗരത്തില്‍ താരതമ്യേന തിരക്ക് കുറഞ്ഞ ചിറ്റൂര്‍ റോഡിലുള്ള കസബ പോലീസ് സ്റ്റേഷനും കടന്ന്, കച്ചേരിപ്പടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്, നോര്‍ത്ത് റെയില്‍‌വേ സ്റ്റേഷനിലേക്ക് വലിഞ്ഞ് നടക്കുമ്പോള്‍ മനസ്സിനുള്ളില്‍ സന്തോഷത്തിന്റെ ഒരഞ്ചാറമിട്ടുകള്‍ ഒരുമിച്ച് വിരിയുകയായിരുന്നു. അതിലൊന്ന് ആനന്ദത്തിന്റേയും മറ്റൊന്ന് ആശ്വാസത്തിന്റേയും പിന്നെ പറഞ്ഞറിയിക്കാനാവാത്ത വേറേ പലതിന്റേയും അവസാനം ഒരെണ്ണം ഒരല്‍പ്പം അഹങ്കാരത്തിന്റേയും. ഇംഗ്ലണ്ടിലേക്കുള്ള വിസ അടിച്ച പാസ്സ്പോര്‍ട്ടുകള്‍ ഭദ്രമായി കവറിലാക്കി കയ്യിലിറുക്കി പിടിച്ച്, വഴിയിലെ തിക്കും തിരക്കും ഗൌനിക്കാതെ അടുത്ത ട്രെയിന്‍ പിടിക്കുവാന്‍ ധൃതിപ്പെട്ടു നടന്നു. വിസ ഏജന്‍സി ഓഫീസിലെ ശീതീകരിച്ച മുറിക്കുള്ളില്‍ നിന്നും പുറത്തു കടന്നപ്പോഴനുഭവപ്പെട്ട അത്യുഷ്ണം, മരുഭൂമിയില്‍ പണിയെടുത്ത കാലങ്ങളെ ഓര്‍മ്മയില്‍ കൊണ്ടു വന്നു. ഇനിയൊരങ്കം ഇംഗ്ലണ്ടിലെ തണുത്ത മരവിപ്പിലാണല്ലോ എന്നോര്‍ത്തപ്പോള്‍ നടത്തത്തിന് വേഗം കൂടി. പുകയും പൊടിയും പിന്നെ യാതൊരു അനുസരണയില്ലാത്ത ശകടവ്യൂഹങ്ങളും നഗരങ്ങളെ മാത്രമല്ല, ഗ്രാമങ്ങളേയും വീര്‍പ്പുമുട്ടിക്കുന്നു.

ട്രെയിന്‍ വന്നു നിന്നപ്പോള്‍ അതു വരെ സുഹൃത്തുക്കളായിരുന്നവര്‍ പോലും ശത്രുക്കളായി മാറിയ പോലെ. ഇഞ്ചോടിഞ്ചു പൊരുതി അകത്തു കടന്നു കൂടി, കിട്ടിയ സീറ്റിലെല്ലാം പലരും ഇരുന്നു. ചിലര്‍ കിടന്നു. അതിനിടയില്‍ ശരീരഭാഗങ്ങളില്‍ ക്ഷതം വന്ന സ്ത്രീകളും, പോക്കറ്റില്‍ കിടന്ന പലതും നഷ്ടപ്പെട്ടവരും നിസ്സഹായരായി പിറുപിറുത്തു. മിടുക്കന്മാരായ പലരും ന്യൂസ് പേപ്പറോ, കൈലേസോ, ചിലപ്പോള്‍ സ്വന്തം ചെരുപ്പോ ആളില്ലാത്ത സീറ്റുകളില്‍ ഇട്ടു കൊണ്ട് പുറകേ വരുന്ന കൂട്ടുകാര്‍ക്കു വേണ്ടി സീറ്റ് റിസര്‍വ്വ് ചെയ്യുന്നു. കയ്യിലുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലാ എന്നുറപ്പു വരുത്തി ആളൊഴിഞ്ഞ ഏതെങ്കിലും ഒരു സീറ്റിനായി പരതുമ്പോഴാണ് വിശാലമായി ചമ്രം പടിഞ്ഞിരിക്കുന്ന ഒരു വിദ്വാനെ കണ്ടത്. നേരാം വണ്ണം അയാളൊന്നൊതുങ്ങിയിരുന്നാല്‍ വേണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്കെങ്കിലും അവിടെ കൂടാം. പുരുഷസാമീപ്യത്താല്‍ അരോചകനും ഖിന്നനുമായ അയാള്‍ സമീപത്തു നില്‍ക്കുന്നവരെ കണ്ട ഭാവം നടിക്കാതെ ജനലിലൂടെ പുറത്തെ ഉന്തിലും തള്ളിലും മിഴികള്‍ നട്ടിരുന്നു. പുരുഷന്മാരുടെ ഊഴം കഴിഞ്ഞ് കിട്ടിയ അവസരത്തില്‍ മഹിളകളും അവരുടെ കൈക്കരുത്ത് കാട്ടി ഇടിച്ച് കയറാന്‍ തുടങ്ങി. അതിലേതെങ്കിലും തരുണി തന്റെ അടുത്ത് ഇരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിക്കുന്നുണ്ടാകാം. നിന്നു പരുങ്ങുകയല്ലാതെ അയാളോടേറ്റുമുട്ടാന്‍ മനസ്സ് തോന്നിയില്ല. പക്ഷെ പുറകില്‍ നിന്നും ഒരാള്‍ വളരെ വിനീതനായി ചമ്രപൃഷ്ടനോട് ‘കണ്ണു കാണാന്‍ വയ്യാത്ത ആളാണ്, ഒന്നിരുന്നോട്ടേ പാവം‘ എന്നു പറഞ്ഞ് ഊക്കനെ ഒരു തള്ളും തന്നിട്ട് മുന്നോട്ട് കടന്നു പോയി. കടന്നു പോകുന്ന പോക്കില്‍ ആരോ ഒരു ഉപകാരം ചെയ്തതാണ്. തള്ളിയതാരാണെന്ന് തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നെങ്കിലും അയാളാല്‍ അന്ധനാക്കപ്പെട്ട അവസ്ഥയില്‍ അതിനു തുനിഞ്ഞീല്ല്ല. മനസ്സില്ലാമനസ്സോടെ, മേല്‍പ്പറഞ്ഞ വിശാലാസനസ്ഥന്‍ ഒതുങ്ങി തന്ന സീറ്റില്‍ ചാരിയിരുന്ന ശേഷം എന്നില്‍ കുരുടലക്ഷണം ഒന്നും കാണാതിരിന്നതിനാല്‍ ചുറ്റുവട്ടത്തുള്ളവര്‍ അന്ധാളിച്ച് നോക്കിക്കൊണ്ടിരുന്നു.

ട്രെയിന്‍ യാത്ര തുടങ്ങിയപ്പോള്‍ ജനലിലൂടെ കയറി വന്ന തണുത്ത കാറ്റ് ശരീരത്തിലുണ്ടായിരുന്ന വിയര്‍പ്പു കണങ്ങളെ ഉണക്കിയെടുത്തു. അഗാധമായ ചിന്തയിലേര്‍പ്പെട്ടിരിക്കുന്ന പണ്ഡിതന്മാരെ പോലെ യാത്രക്കാരിലേറേയും അപരിചിതരായി തന്നെ നിലകൊണ്ടു. തുറന്നു വച്ചിരിക്കുന്ന ജനലില്‍ കയ്യൂന്നി, താടിയില്‍ കൈ കൊടുത്ത് ഇരിക്കുന്ന ആള്‍ക്ക് മാത്രം ഒരു പരിചിത മുഖം. പകുതി വായിച്ചു ന്നിറുത്തിയിരിക്കുന്ന, മൈക്കിള്‍ കോണല്ലിയുടെ ‘ദി ബ്ലാക്ക് ഐസ് ‘ എന്ന പുസ്തകം വലതു കരത്തില്‍. എവിടെയോ കണ്ട് മറന്ന മുഖം. കണ്ടു മറന്നു എന്ന് പറയാനാകില്ല. ഓര്‍ത്തെടുക്കാന്‍ പത്തിരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഏടുകള്‍ മറിച്ചു നോക്കണമെന്നു മാത്രം

പള്ളി വക അപ്പര്‍ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുന്ന കാലം. ചന്തയിലെ ചുമട്ടു തൊഴിലാളികളുടേയും കശാപ്പുകാരുടേയും തോട്ടിപ്പണിക്കാരുടേയും മറ്റെല്ലാ ദരിദ്രരുടേയും മക്കള്‍ പഠിക്കുന്ന സ്കൂള്‍ എന്നൊരു ഖ്യാതിയും അന്നതിന് ഉണ്ടായിരുന്നു. ഈ സ്കൂളിലേക്കുള്ള വഴിയിലാണ്, സമ്പന്നരുടെ മക്കള്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന മറ്റൊരു പേരു കേട്ട വിദ്യാലയം. അവിടത്തെ കുട്ടികള്‍ക്ക് ഒരല്‍പ്പം ദാര്‍ഷ്ട്യം കൂടും. പള്ളി സ്കൂളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥിയെ ഒറ്റക്കെങ്ങാനും അവരുടെ കയ്യില്‍ കിട്ടിയാല്‍ ഇടി ഉറപ്പാണ്. എന്നാല്‍ സമ്പന്ന വിദ്യാലയത്തിലെ കുട്ടികളെ കുറച്ചൊക്കെ അസൂയയോടേയും അതിലേറേ ആരാധനയോടേയും മാത്രമേ പാവപ്പെട്ടവന്റെ കുട്ടികള്‍ കാണാറുള്ളു.

പതിവിന് വിപരീതമായി കൂട്ടത്തില്‍ നിന്നൊഴിഞ്ഞ് ഒരു ദിവസം ഒറ്റക്ക് സ്കൂളില്‍ പോകേണ്ടി വന്നപ്പോള്‍ മനസ്സിലൊരു പടപടപ്പ് ഇല്ലാതിരുന്നില്ല്ല. സമ്പന്ന വിദ്യാലയത്തിന്റെ ഗേറ്റ് താണ്ടി കുന്നു കയറാന്‍ തുടങ്ങിയപ്പോഴാണ് ശ്വാസം നേരേ വീണത്. ഒരുത്തനും കുറുകേ വന്നില്ല. ഒന്നാം മണിയടിച്ച് കുട്ടികളെല്ല്ലാം ക്ലാസ്സില്‍ കയറാന്‍ ആരംഭിച്ചതിനാലാകാം ഗേറ്റിലാരും ഇല്ലാതിരുന്നത്. തെല്ലൊരാശ്വാസത്തോടെ കുന്നു പകുതി കയറിക്കഴിഞ്ഞപ്പോഴാണ് മുകളില്‍ നിന്നും മലവെള്ളം പോലെ പാഞ്ഞിറങ്ങി വരുന്ന രണ്ടു മൂന്നു സമ്പന്നന്മാരെ നേരിടേണ്ടി വന്നത്. ഇരച്ചിറങ്ങി പോകുന്ന പോക്കില്‍ എന്റെ കയ്യിലിരുന്ന പുസ്തകക്കെട്ടവര്‍ കാറ്റില്‍ പറത്തി. ‘നിക്കടാ അവിടെ’ എന്നാക്രോശിച്ച് കുന്നിറങ്ങാന്‍ തുടങ്ങിയെങ്കിലും അംഗബലത്തില്‍ കുറവുംആരോഗ്യത്തില്‍ വളരേ പുറകിലും ആയിരുന്നതിനാല്‍ അധികം താഴോട്ടിറങ്ങണ്ടാ എന്ന് മനസ്സിലുറപ്പിച്ചു.

‘നീ പോടാ പള്ളിസ്കൂളേ’ എന്ന് തിരിച്ച് മുക്രയിട്ട്, എന്തിനും തയ്യാറായി സമ്പന്നര്‍ തിരിഞ്ഞു നിന്നു. എന്നും ആരാധനയോടെ മാത്രം കണ്ടിരുന്ന, ഇതു പോലൊരു സ്നേഹിതന്‍ ഉണ്ടാകണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന ഒരുത്തനാണ് ശത്രുവിനെ പോലെ എതിരെ നില്‍ക്കുന്നത്. ‘നിന്നെ കാണിച്ചു തരാം, വൈകുന്നേരം സ്കൂള്‍ വിടട്ടെ’ എന്നൊരു ഭീഷണി മാത്രം പ്രയോഗിച്ച് തല്‍ക്കാലം രംഗവിയോഗം ചെയ്യാന്‍ തീരുമാനിച്ചു. ഈ സമയം സമ്പന്നവിദ്യാലയത്തിലെ രണ്ടാം മണി മുഴങ്ങിയത് രണ്ടു കൂട്ടര്‍ക്കും ഒരു സഹായമായി. ‘നാലു മണിക്ക് കാണാം. ഞാന്‍ പൊന്നിയെ വിളിച്ചു കൊണ്ട് വരും, അപ്പൊ കാണാടാ പള്ളിസ്കൂളേ’ മറുപടിക്ക് കാക്കാതെ സമ്പന്നര്‍ കുന്നിറങ്ങി സ്കൂള്‍ ലക്ഷ്യമാക്കി ഓടി.

ആരായിരിക്കും ഈ പൊന്നി എന്നൊരു ഭീതിയോടെ പുസ്തകങ്ങളെല്ലാം പെറുക്കിയെടുത്ത് സ്കൂളിലേക്ക് നടന്നു. പള്ളിസ്കൂളില്‍ വാര്‍ത്ത പെട്ടെന്ന് പരന്നു, സമ്പന്ന വിദ്യാര്‍ത്ഥികളുമായി അങ്കം കുറിച്ചിരിക്കുന്നു!! പടഹധ്വനികളുമായി ജിപ്സിക്കൂട്ടങ്ങളെ പോലെ കിട്ടാവുന്നത്ര കോമ്പസ്സും ഡിവൈഡറുകളുമായി ദാരിദ്ര്യശിരോമണികള്‍ സമ്പന്ന വിദ്യാലയത്ഥിലേക്ക് മാര്‍ച്ച് ചെയ്തു. പള്ളിസ്കൂളിലെ ആറു ക്ലാസ്സ് മുറികള്‍ അവസാന പിരീയഡില്‍ ഒഴിഞ്ഞു കിടന്നു. സമ്പന്ന വിദ്യാലത്തിന്റെ രണ്ടു ഗേറ്റുകളിലും ഏറ്റവും തടിമിടുക്കുള്ളവര്‍ കാവല്‍ നിന്നു. ഒരല്‍പ്പം മാറി അടുത്ത കൂട്ടര്‍. ഗേറ്റ് കടന്നവര്‍ ഓടിയാലും രക്ഷപ്പെടാതിരിക്കാന്‍ കുറച്ചു പേര്‍ കുന്നില്‍ കയറി നിന്നു. എല്ലാ വഴികളും അടച്ചു ഭദ്രമാക്കി. ഇനി പൊന്നിയും കൂട്ടരും വരുന്നത് കാത്തിരിക്കുക മാത്രം.

ആദ്യം വന്ന കൂട്ടത്തിലൊന്നും വെല്ലുവിളിക്കാരെ കണ്ടില്ല. പലരും കടന്നു പോയി. മെയിന്‍ ഗേറ്റില്‍ ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. മതിലിലൂടെ എത്തി വലിഞ്ഞ് നോക്കാന്‍ തുടങ്ങിയപ്പോ‍ള്‍ ആറടിയിലധികം ഉയരമുള്ള ഒരു സമ്പന്ന പുത്രന്‍ വന്ന് വയറ്റിലൊരു പിടുത്തം. വയറ്റിലെ മാംസളഭാഗങ്ങളൊക്കെ കൂട്ടിപ്പിടിച്ച് ഒരു തിരിക്കല്‍. പിന്നെ തലയിലൊരു കിഴുക്കലിനൊപ്പം ഒരു ചോദ്യവും. ‘നീയാ‍ണോടാ ഇവിടത്തെ പിള്ളാരെ തല്ലാന്‍ പോണേ?’വേദന സഹിക്കവയ്യാതായപ്പോള്‍ ‘അയ്യോ ഞാനല്ലേ, എനിക്കൊന്നും അറിഞ്ഞു കൂടാ’ എന്നു പറഞ്ഞ് ഒരു വിധം പിടി വിടുവിച്ചു. കണ്ണില്‍ പൊന്നീച്ച പറക്കുമ്പോഴും ഓര്‍ത്തു, ഏതായാലും ഇവന്‍ പൊന്നിയല്ല്ല, സ്ഥലം മുന്‍സിപ്പല്‍ ചെയര്‍മാന്റെ മകനാണ്.

സമ്പന്നവിദ്യാര്‍ത്ഥികള്‍ ഒരുവിധം പൊയ്ക്കഴിഞ്ഞു തുടങ്ങി. പെട്ടെന്നാണ് അപ്രധാ‍നഗേറ്റില്‍ ഒരു ആരവം കേട്ടത്. ഒരുപക്ഷെ പൊന്നി അവിടെ ആക്രമിച്ചിരിക്കും! ആരവം കേട്ടതും മെയിന്‍ ഗേറ്റിലുള്ളവരെല്ല്ലാം അങ്ങോട്ടോടി. പൊന്നി ബുദ്ധിമാനായിരുന്നു. അവന്‍ ചെറിയ ഗേറ്റില്‍ വന്ന് അവിടെ ഒരു ചെറിയ കശപിശയുണ്ടാക്കി. ഒന്നു രണ്ടു പള്ളിസ്കൂളുകാര്‍ക്ക് രണ്ടെണ്ണം വീതം കൊടുത്ത്, എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ട് തിരിച്ചു വിട്ടു. എന്നിട്ട് വീണ്ടും സ്കൂളിലേക്ക് ഓടിക്കയറി. ഇതേ സമയം കാവലില്ലാതിരുന്ന മെയിന്‍ ഗേറ്റിലൂടെ പൊന്നിയുടെ കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. ദരിദ്രന്മാര്‍ എല്ലാവരും പുറകെ വച്ചു പിടിച്ചു. പക്ഷെ ഒരാളെ പോലും തൊടാന്‍ കിട്ടിയില്ല. ഓട്ടം മടുത്ത് പള്ളിസ്കൂളുകാര്‍ വീടുകളിലേക്ക് പിരിഞ്ഞു പോയി. പൊന്നിയും അനുജനും [രാവിലെ വെല്ലുവിളി നടത്തിയവന്‍ പൊന്നിയുടെ അനുജനാണെന്ന് പിന്നീടാണറിഞ്ഞത്] ഏതിലേ പോയെന്ന് ആരും കണ്ടില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞു. മുഖത്ത് മാന്തിന്റേയോ മുറിവിന്റേയോ ഒക്കെയായി ചെറുപ്പത്തിന്റെ വികൃതികള്‍ നല്‍കിയ ഒരുപാട് കലകളുള്ള പൊന്നിയെ പലവട്ടം കണ്ടിട്ടുണ്ട്. അന്നത്തെ നിഷ്കളങ്കമായ രണത്തിനു ശേഷം രണ്ട് വിദ്യാലയങ്ങളിലെ കുട്ടികള്‍ തമ്മില്‍ പ്രത്യക്ഷമായ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടില്ല. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം കാലക്രമേണ കുറഞ്ഞു വന്നതിനാലാകണം, പഴയ അവസ്ഥകള്‍ക്ക് മാറ്റം വന്നത്. ഇന്ന് വിദ്യാലയങ്ങള്‍ ഒരു വിധം ജനകീയമായി തീര്‍ന്നു. സമ്പന്നരുടേതെന്ന് ആ വിദ്യാലയത്തിനിന്ന് പേരില്ല. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവിടെ പ്രവേശനം ലഭിക്കും. പക്ഷെ പള്ളിസ്കൂളിലെ അവസ്ഥ ഒരുപാട് മാറി. എല്ലാ വര്‍ഷവും പത്താം ക്ലാസ്സില്‍ നൂറു ശതമാനം വിജയമാണവര്‍ കൊയ്യുന്നത്. പ്രവേശനം കിട്ടണമെങ്കില്‍ പരീക്ഷ എഴുതി പാസ്സാകണം.


ഇത്രയും ഓര്‍ത്തെടുക്കാന്‍ ആ മുഖമാണ് സഹായിച്ചത്. അനുജന്‍ ജേഷ്ഠനായ പൊന്നിയുടെ പേരു വിളിച്ചു പറഞ്ഞത് ഇപ്പോഴും മനസ്സില്‍ നിന്ന് മായാതെ കിടക്കുന്നു. അനുജന്റെ പേര് ആരും ഇതു വരെ പറഞ്ഞു കേട്ടിട്ടുമില്ല. പക്ഷെ ഒന്നു മാത്രമറിയാം. ദാരുണമായ ഒരുപാട് ദു:ഖങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.
ജീവിതം മുഴുവന്‍ വേട്ടയാടുന്ന ഓര്‍മ്മകളുമായിട്ടാണ് ആ അനുജന്‍ ജീവിക്കുന്നത്. പോലീസ് ഇന്‍സ്പെക്റ്ററായിരുന്ന അച്ഛന്റെ തിര നിറച്ച തോക്കെടുത്ത് മക്കള്‍ കളിച്ചതാണ്. പിടിവലിക്കിടയില്‍ അറിയാതെ കാഞ്ചിയിലമര്‍ന്നു. നെഞ്ച് തുളച്ച് വെടിയുണ്ട കടന്നു പോയപ്പോള്‍ ‘പൊന്നീ’ എന്ന ആ വിളിയും കടന്നു പോയി. ഒരുപാട് ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ട് പൊന്നി ഇല്ലാതായി.

ട്രെയിന്‍ ആലുവാ സ്റ്റേഷനിലെത്തിയപ്പോള്‍ കുറെ ആളുകള്‍ ഇറങ്ങി. വീണ്ടും കുറച്ചു പേര്‍ കയറി. ജനലിനടുത്ത് ആളൊഴിഞ്ഞ സീറ്റിലേക്ക് നീങ്ങിയിരുന്നപ്പോള്‍ അയാള്‍ക്ക് മുഖാമുഖമായി. ഇരുപത്തെട്ടു വര്‍ഷത്തെ നീണ്ട ഇടവേളയില്‍ ഒരിക്കലും തിരിച്ചറിയാന്‍ സാധ്യതയില്ല. വെറുമൊരു വെല്ലുവിളിയുടെ ബന്ധമല്ലേ ഉള്ളു. ഓര്‍മ്മപ്പെടുത്തേണ്ടാ എന്നു കരുതി പഴയ ആരാധനയോടെ ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു

4 comments:

സജി said...

ചില പ്പോള്‍ ചില ആകസ്മിക സംഭവങ്ങള്‍ ജീവിതത്തെ തന്നെ മാറ്റിമറിക്കും...
പിന്നീട അത് ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്നേക്കാം...

നല്ല ഒര്‍മ്മകുറിപ്പുകള്‍...........

JP Hemel said...

നന്ദി സജി,
ആദ്യമായി കിട്ടിയ അഭിനന്ദനമാണ്.

Jayasree Lakshmy Kumar said...

'operation ponni'ഒരുപാടിഷ്ടമായി. ഒരു യുദ്ധപ്രതീതി തോന്നിപ്പിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രണം രസകരമായി വായിച്ചെങ്കിലും അവസാനം ഒരു കയ്യബദ്ധത്തില്‍ പൊലിഞ്ഞു പോയ പൊന്നിയുടെ ഓര്‍മ്മകളുമായൈ ജീവിക്കുന്ന അനുജന്‍, മനസ്സില്‍ വേദനിപ്പിക്കുന്ന ഒരു ചിത്രം അവശേഷിപ്പിച്ചു

Unknown said...

പ്രോത്സാഹനത്തിന് നന്ദി.